ധനുമാസത്തിലെ തണുപ്പത്ത്, രാത്രിയുടെ ഏകാന്തതയില്‍ പുറത്തിറങ്ങി ആകാശത്തിലെ നക്ഷത്രങ്ങളോട് കഥ പറയുകയായിരുന്നു അയാള്‍...
ആദ്യമായാണ് ആ നക്ഷത്രങ്ങള്‍ അയാള്‍ക്ക് പരിചിതമാകുന്നത്. ഇതിനു മുമ്പ് രാത്രിയില്‍ ആകാശം നോക്കി കിടന്നപ്പോഴൊന്നും അവര്‍ അത്ര പരിചിതഭാവം പ്രകടിപ്പിച്ചിരുന്നില്ല. ആ നക്ഷത്രങ്ങളെ ഇന്ന് അയാള്‍ക്ക് പരിചയപ്പെടുത്തിയത് അവളാണ് - അയാളുടെ ചെവിയിലെ മൊബൈലിന്റെ അങ്ങേത്തലയ്ക്കല്‍ ഇരുന്ന് അവളും ആ നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. ഒരുപാട് നാളത്തെ പരിചയമാണ് അവള്‍ക്ക് അവരെ. ഒരു ദീര്‍ഘചതുരത്തിന്റെ നാല് അതിരുകള്‍ തീര്‍ക്കുന്ന ആ താരകങ്ങളില്‍ മൂന്ന് പേരെ മാത്രം അവള്‍ അയാള്‍ക്ക് പരിചയപ്പെടുത്തി: അരുണും ആശ്വിനിയും, മൂന്നാമത്തേത് അവളും. അവര്‍ രണ്ടു പേരും അവളുടെ സുഹൃത്തുക്കളായിരുന്നു, അല്ല സുഹൃത്തുക്കളാണ് - ഇപ്പോഴും.
തണുത്ത കാറ്റിനൊപ്പം പറന്നെത്തിയ വെള്ളിമേഘം അവരെ മറച്ചു കളഞ്ഞിരിക്കുന്നു. നാലാമത്തെ നക്ഷത്രം ആരാണെന്ന് അയാള്‍ ചോദിച്ചിട്ടും അവള്‍ പറഞ്ഞില്ല. പക്ഷെ ആ നക്ഷത്രം ആരാണെന്ന് തനിക്കറിയാമെന്ന് അയാള്‍ക്ക് തോന്നി. അതുപക്ഷേ അയാള്‍ അവളോട് പറഞ്ഞില്ല. മേഘങ്ങള്‍ യാത്ര തുടര്‍ന്നപ്പോള്‍ അവര്‍ വീണ്ടും കണ്ണ് ചിമ്മാന്‍ തുടങ്ങി. സ്വര്‍ണ നിറമുള്ള ഒരു നക്ഷത്രമുണ്ടായിരുന്നു അതില്‍.. ആയുസ്സ് തീരാറാകുമ്പോഴാണ് നക്ഷത്രങ്ങള്‍ക്ക് സ്വര്‍ണ നിറം ഉണ്ടാകുന്നത് എന്നതില്‍ അവള്‍ വിഷമിച്ചു. അത് കേട്ടപ്പോള്‍ അയാള്‍ക്കും ചെറിയ വിഷമം തോന്നി. ആ താരകം ഉടനെയൊന്നും ജ്വലിച്ചു തീരരുതെന്നു അയാള്‍ ആശിച്ചു, അത് അവളെ സങ്കടപ്പെടുത്തുമെന്നു അയാള്‍ക്ക് അറിയാമായിരുന്നു.
അപ്പോഴും പക്ഷെ അവള്‍ സംസാരം തുടര്‍ന്നുകൊണ്ടേ ഇരിക്കുകയായിരുന്നു. ആ താരങ്ങളെ ആദ്യമായി പരിചയപ്പെട്ടതും അടുത്തതും പിണങ്ങിയതും വീണ്ടും ഇണങ്ങിയതും എല്ലാം... ഒരുപാട് കഥകളുണ്ടായിരുന്നു അവള്‍ക്കവരെക്കുറിച്ച്‌പറയാന്‍,.. അയാള്‍ തിരിച്ചൊന്നും പറയാതെ അത് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. വെള്ളിമുത്തുകള്‍ പൊഴിച്ച് ചിണുങ്ങി ഒഴുകുന്ന ഒരു നദി പോലെ തുടര്‍ന്ന ആ സംസാരത്തിന് ചിറകെട്ടാന്‍ അയാള്‍ക്ക് മനസ്സ് വന്നില്ല. ആകാശത്ത് നിന്നും ഈ സംസാരം കേട്ടുകൊണ്ടിരുന്ന ചന്ദ്രന്‍ പോലും ആ കഥകള്‍ കേള്‍ക്കാനായി മേഘങ്ങളെ വകഞ്ഞു മാറ്റി പുറത്ത് വന്നുകൊണ്ടേയിരുന്നു...
* * * * *
അടുത്ത ദിവസം അയാള്‍ ഉണര്‍ന്നപ്പോള്‍ ഉച്ചയായി. ഒരു ഗ്ലാസ് കട്ടന്‍ ചായയും ഉണ്ടാക്കി ജനലരികിലേക്ക് നടക്കുമ്പോള്‍ കത്തുന്ന വേനലിന് ശേഷം തിമിര്‍ത്തു പെയ്ത ഇടവപ്പാതിയില്‍ നനഞ്ഞു കിടക്കുന്ന ഭൂമിയുടെ മാറിടം പോലെയായിരുന്നു അയാളുടെ മനസ്സ്. അയാള്‍ അറിയുകയായിരുന്നു അവള്‍ തലേന്ന് രാത്രി ഒഴുകി തീര്‍ത്ത ദൂരം - നാലാമത്തെ നക്ഷത്രത്തിലേക്കുള്ള അനേക പ്രകാശവര്‍ഷങ്ങള്‍ !!!